NRI
ബെർലിൻ: ഹൈഡൽബർഗിലെ നെക്കാർ നദിയിൽ നീന്താനിറങ്ങിയ 27 വയസുകാരനായ മലയാളി വിദ്യാർഥി മുങ്ങിമരിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടിന് ഹൈഡൽബർഗ് - വീബ്ലിംഗനിലെ ഫെസ്റ്റ്പ്ലാസിന് താഴെയുള്ള നദീതീരത്തായിരുന്നു ഈ ദാരുണ സംഭവം നടന്നത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം, വാരാന്ത്യത്തിലെ ചൂടിൽ നിന്നും ആശ്വാസം തേടി രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് 27 വയസുകാരനായ യുവാവ് നെക്കാർ നദീതീരത്ത് എത്തിയത്. തുടർന്ന് ഇവർ നദിയിൽ നീന്താനിറങ്ങുകയായിരുന്നു.
എന്നാൽ പെട്ടെന്ന് തന്നെ യുവാവ് സുഹൃത്തുക്കളുടെ കൺമുന്നിൽ നിന്നും അപ്രത്യക്ഷനായി. പരിഭ്രാന്തരായ സുഹൃത്തുക്കൾ ഉടൻ തന്നെ എമർജൻസി കൺട്രോൾ റൂമിൽ വിവരമറിയിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റിയുടെ രക്ഷാപ്രവർത്തകരും ഡൈവർമാരും അടങ്ങുന്ന വൻ സംഘം സ്ഥലത്തെത്തി വലിയ രീതിയിലുള്ള തെരച്ചിൽ ആരംഭിച്ചു.
തുടർന്ന് നടത്തിയ തെരച്ചിലിൽ യുവാവിനെ വെള്ളത്തിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച് കൃത്രിമ ശ്വാസം നൽകാനും ജീവൻ രക്ഷിക്കാനുമുള്ള അടിയന്തര ശ്രമങ്ങൾ നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ മാസ്റ്റർ ബിരുദം കഴിഞ്ഞ വിദ്യാർഥിയാണ്. ഹൈഡൽബർഗ് ക്രിമിനൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
ഒരു വാരാന്ത്യത്തിൽ മാത്രം 26 പേർ മുങ്ങിമരിച്ചു ; ജാഗ്രതാ നിർദേശവുമായി ഡിഎൽആർജി
ജർമനിയിൽ കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിൽ രാജ്യത്തെ നടുക്കി വൻ ദുരന്തം. കഴിഞ്ഞ വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രാജ്യത്തെ വിവിധ തടാകങ്ങളിലും നദികളിലുമായി ഒഴുക്കിൽപ്പെട്ടും നീന്താനിറങ്ങിയും 26 പേർ മരണമടഞ്ഞതായി ജർമൻ ലൈഫ് സേവിംഗ് സൊസൈറ്റി അറിയിച്ചു.
ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
യൂറോപ്പിലെയും പ്രത്യേകിച്ച് ജർമനിയിലെയും ജലാശയങ്ങൾ കാണുന്നതുപോലെയല്ല, അവ അതീവ അപകടകരമായ നിരവധി ഘടകങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കണം. ജർമനിയിലെ മലയാളി വിദ്യാർഥികളും പ്രവാസികളും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.
അടിയൊഴുക്കുകൾ തിരിച്ചറിയുക: നദികളിലും കനാലുകളിലും ഉപരിതലത്തിൽ വെള്ളം ശാന്തമായി കാണപ്പെടുമെങ്കിലും അടിത്തട്ടിൽ ശക്തമായ ഒഴുക്കുണ്ടാകും. നീന്തൽ അറിയാവുന്നവർ പോലും ഇത്തരം അടിയൊഴുക്കുകളിൽ പെട്ടാൽ രക്ഷപെടാൻ പ്രയാസമാണ്.
താപനില വ്യത്യാസം: പുറത്ത് നല്ല ചൂടാണെങ്കിലും ജർമനിയിലെ നദികളിലെയും ആഴമേറിയ തടാകങ്ങളിലെയും വെള്ളം കടുത്ത തണുപ്പുള്ളതായിരിക്കും. ചൂടായ ശരീരവുമായി പെട്ടെന്ന് തണുത്ത വെള്ളത്തിലേക്ക് ചാടുമ്പോൾ കോൾഡ് ഷോക്ക് ഉണ്ടാകാനും ഹൃദയസ്തംഭനം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്.
ക്വാറി തടാകങ്ങൾ ചതിക്കുഴികളാണ്: മണലെടുക്കുന്ന തടാകങ്ങളിൽ പെട്ടെന്ന് ആഴം കൂടുന്ന ഭാഗങ്ങളുണ്ടാകും. കൂടാതെ അടിത്തട്ടിലെ ചെളിയും താപനിലയിലെ പെട്ടെന്നുള്ള വ്യത്യാസവും അപകടം ക്ഷണിച്ചുവരുത്തും.
അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഇറങ്ങരുത്: Baden verboten (നീന്തൽ നിരോധിച്ചിരിക്കുന്നു) എന്ന ബോർഡുകൾ ഉള്ള സ്ഥലങ്ങളിലും ലൈഫ് ഗാർഡുമാരുടെ സേവനമില്ലാത്ത ഇടങ്ങളിലും ഒരു കാരണവശാലും വെള്ളത്തിൽ ഇറങ്ങരുത്.
മദ്യപിച്ചുള്ള നീന്തൽ പൂർണമായും ഒഴിവാക്കുക: സുഹൃത്തുക്കളോടൊപ്പം കൂടുമ്പോൾ മദ്യപിച്ച ശേഷം വെള്ളത്തിൽ ഇറങ്ങുന്ന പ്രവണത പൂർണമായും ഒഴിവാക്കുക. ഇത് അപകടസാധ്യത ഇരട്ടിയാക്കും.
നമ്മുടെ ഒരു ചെറിയ അശ്രദ്ധ വലിയൊരു ദുരന്തത്തിലേക്കും നമ്മുടെ കുടുംബത്തിന്റെ കണ്ണീരിലേക്കുമാണ് വഴിമാറുന്നത്. ദയവായി ജലാശയങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കുക.
ദുരന്തഭൂമിയായി മാറിയ ജലാശയങ്ങൾ
അതിവേഗം ഉയർന്ന താപനിലയെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് വാരാന്ത്യത്തിൽ ജർമനിയിലെ വിവിധ ബീച്ചുകളിലേക്കും തടാകങ്ങളിലേക്കും ഒഴുകിയെത്തിയത്. എന്നാൽ ഈ സന്തോഷം പല കുടുംബങ്ങൾക്കും കണ്ണീരായി മാറി.
റാറ്റിംഗൻ: ഇവിടെയുള്ള ഒരു ക്വാറി തടാകത്തിൽ നീന്താനിറങ്ങിയ 40 വയസുകാരനായ ഒരു വ്യക്തി ശനിയാഴ്ച മുങ്ങിമരിച്ചു.
പൈനെ: ഇവിടെ കാണാതായ 17 വയസുകാരനായ ഒരു കുട്ടിയെ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ തടാകത്തിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തി.
ഹെലികോപ്റ്ററുകളും തെരച്ചിൽ നായ്ക്കളെയും ഉപയോഗിച്ചായിരുന്നു ഇവിടെ റെസ്ക്യൂ ഓപ്പറേഷൻ നടത്തിയത്.
തലസ്ഥാനമായ ബെർലിനിലെ ഷമോഗ്വിറ്റ്സിൽ വാടകയ്ക്കെടുത്ത ട്രെഡ്ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഇറങ്ങിയ മൂന്ന് സുഹൃത്തുക്കളിൽ ഒരാളെ കാണാതായി. ബെർലിനിൽ മാത്രം ഈ വാരാന്ത്യത്തിൽ മൂന്ന് പേരാണ് മുങ്ങിമരിച്ചത്.
പോയൽ ഡാം: ഇവിടെ ട്രെഡ്ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെ വെള്ളത്തിലിറങ്ങിയ 28-ഉം 41-ഉം വയസുള്ള രണ്ട് പുരുഷന്മാർ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
ഇവർക്കായി അണ്ടർവാട്ടർ ഡ്രോണുകളും സോനാർ ബോട്ടുകളും ഉപയോഗിച്ച് തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന 27 വയസുകാരിയായ യുവതി സുരക്ഷിതമായി കരയിലെത്തി.
എന്തുകൊണ്ട് ഇരകളിൽ ഭൂരിഭാഗവും പുരുഷന്മാർ?
മുങ്ങിമരണങ്ങളിൽ എന്തുകൊണ്ടാണ് പുരുഷന്മാരുടെ എണ്ണം കൂടുന്നത് എന്നതിന് ഡിഎൽആർജി വക്താവ് മാർട്ടിൻ ഹോൾഷൗസ് വ്യക്തമായ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
പൊതുവെ പുരുഷന്മാർ കൂടുതൽ അപകടസാധ്യതകൾ ഏറ്റെടുക്കാൻ മടിയില്ലാത്തവരാണ്. അവർ പലപ്പോഴും വെള്ളത്തിലെ ഒഴുക്കും ആഴവും കൃത്യമായി വിലയിരുത്തുന്നതിൽ പരാജയപ്പെടുന്നു, അല്ലെങ്കിൽ അപകടങ്ങളെ അവഗണിക്കുന്നു.
യുവാക്കളായ പുരുഷന്മാർ തങ്ങളുടെ നീന്തൽക്ഷമതയെ അമിതമായി വിലയിരുത്തുമ്പോൾ, പ്രായമായ പുരുഷന്മാരിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയസംബന്ധമായ പ്രശ്നങ്ങളും തണുത്ത വെള്ളത്തിലേക്കിറങ്ങുമ്പോഴുള്ള താപനില വ്യത്യാസവും അപകടങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് ഡിഎൽആർജി മുന്നറിയിപ്പ് നൽകുന്നു.
NRI
ബെർലിൻ: ജർമനിയിലെ ബ്രാൻഡൻബർഗ് സംസ്ഥാന തലസ്ഥാനമായ പോട്സ്ഡാം നഗരത്തിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ 250 കിലോഗ്രാം ഭാരമുള്ള പൊട്ടാത്ത ബോംബ് കണ്ടെത്തിയതിനെ തുടർന്ന് 6,500-ലധികം പേരെ അധികൃതർ അടിയന്തരമായി ഒഴിപ്പിച്ചു.
ബോംബ് നിർവീര്യമാക്കുന്നതിനായാണ് നഗരമധ്യത്തിലെ വ്യാപക പ്രദേശങ്ങളിൽ സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നഗരത്തിലെ Leipziger Strabe പ്രദേശത്തെ ഒരു നിർമാണ സ്ഥലത്ത് ജൂൺ മൂന്നിന് കണ്ടെത്തിയ ബോംബ് അമേരിക്കൻ നിർമിതമാണെന്നാണ് പ്രാഥമിക നിഗമനം.
ബോംബ് നിർവീര്യമാക്കുന്ന നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ മുതൽ നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനടക്കമുള്ള പൊതുസംവിധാനങ്ങൾ താത്കാലികമായി അടച്ചുപൂട്ടി. ഇതോടെ മേഖലയിൽ ഗതാഗത തടസവും യാത്രാക്ലേശവും അനുഭവപ്പെട്ടു.
സുരക്ഷാ മേഖലയിലായതിനാൽ Potsdam Central Station, Brandenburg State Chancellery, സംസ്ഥാന പാർലമെന്റ് മന്ദിരം, വിവിധ സർക്കാർ മന്ത്രാലയങ്ങൾ, Museum Barberini, Minsk Kunsthaus എന്നിവ ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഒഴിപ്പിക്കപ്പെട്ടു. ഹോട്ടലുകളും നഴ്സിംഗ് ഹോമുകളും സുരക്ഷാ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടി.
ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്നതാണ് ബോംബ് നിർവീര്യമാക്കുന്നതിനെക്കാൾ കൂടുതൽ വെല്ലുവിളിയെന്ന് ചീഫ് ഡെമോളിഷൻ മാസ്റ്റർ Mike Schwitzke വ്യക്തമാക്കി.
സുരക്ഷാ പരിധിയിൽ നിന്ന് എല്ലാവരും ഒഴിഞ്ഞതായി ഉറപ്പാക്കിയ ശേഷമേ ബോംബ് നിർവീര്യമാക്കൽ ആരംഭിക്കൂ. നടപടികൾ പൂർത്തിയാക്കാൻ ഏകദേശം രണ്ട് മണിക്കൂർ വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
1945 ഏപ്രിൽ 14-ന് Operation Crayfish എന്ന പേരിൽ നടന്ന വ്യോമാക്രമണത്തിന്റെ അവശിഷ്ടമായിരിക്കാം ഈ ബോംബെന്ന് അധികൃതർ കരുതുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനഘട്ടത്തിൽ നടന്ന ആക്രമണത്തിൽ നഗരത്തിന്റെ വലിയ ഭാഗങ്ങൾ നശിക്കുകയും നിരവധി ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർ ഭവനരഹിതരാകുകയും ചെയ്തിരുന്നു.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവശേഷിപ്പുകളായ പൊട്ടാത്ത ബോംബുകൾ ജർമനിയിൽ ഇന്നും ഇടയ്ക്കിടെ കണ്ടെത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരം കണ്ടെത്തലുകൾ സാധാരണമാണ്.
മുൻപ് Cologne, Dresden തുടങ്ങിയ നഗരങ്ങളിലും സമാന സാഹചര്യങ്ങളിൽ പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ച് ബോംബുകൾ വിജയകരമായി നിർവീര്യമാക്കിയിട്ടുണ്ട്.
NRI
ബെർലിൻ: ദുബായി ആസ്ഥാനമായുള്ള എമിറേറ്റ്സിന്റെ ലോകത്തിലെ ഏറ്റവും വലിയ യാത്രാവിമാനമായ എയർബസ് എ380 ബെർലിൻ ബ്രാൻഡൻബർഗ് (BER) വിമാനത്താവളത്തിൽ ഇറങ്ങിയത് ജർമൻ സർക്കാരുമായി ബന്ധപ്പെട്ട പുതിയ രാഷ്ട്രീയ - വ്യോമയാന വിവാദത്തിന് വഴിവച്ചിരിക്കുകയാണ്.
എമിറേറ്റ്സിന് നിലവിൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ട്, മ്യൂണിക്ക്, ഡ്യൂസൽഡോർഫ്, ഹാംബർഗ് എന്നീ നാല് നഗരങ്ങളിലേക്കാണ് സ്ഥിര സർവീസുകൾ നടത്താൻ അനുമതിയുള്ളത്. ബെർലിനിലേക്ക് സർവീസ് ആരംഭിക്കാൻ വർഷങ്ങളായി കമ്പനി ശ്രമിച്ചുവരുന്നുവെങ്കിലും ജർമൻ സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
ജർമനിയുടെ ദേശീയ വിമാനക്കമ്പനിയായ ലുഫ്താൻസയുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് എമിറേറ്റ്സിന് ബെർലിനിലേക്ക് പ്രവേശനം നിഷേധിക്കുന്നതെന്നാണ് വിലയിരുത്തൽ. എമിറേറ്റ്സിന്റെ വരവ് ലുഫ്താൻസയുടെ ബിസിനസിനെ ബാധിക്കുമെന്ന ആശങ്കയാണ് ഇതിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.
അതേസമയം, ജർമൻ തലസ്ഥാനമായ ബെർലിനിലേക്ക് കൂടുതൽ അന്താരാഷ്ട്ര കണക്റ്റിംഗ് സർവീസുകൾ എത്തിക്കണമെന്നാണ് പ്രാദേശിക ഭരണകൂടത്തിന്റെയും വ്യാപാര മേഖലയുടെയും ആവശ്യം. കേന്ദ്ര സർക്കാരിന്റെ നിലവിലെ നയം മൂലം നഗരത്തിന് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായി ബെർലിൻ അധികൃതർ ആരോപിക്കുന്നു.
ഒരു എ380 വിമാനത്തിന്റെ ലാൻഡിംഗ് വീണ്ടും അന്താരാഷ്ട്ര വ്യോമയാന നയങ്ങളും ദേശീയ വിമാനക്കമ്പനികളുടെ താത്പര്യങ്ങളും തമ്മിലുള്ള സംഘർഷം ജർമനിയിൽ ചർച്ചാവിഷയമാക്കിയിരിക്കുകയാണ്.
Sports
ഒഹിയൊ/ഫ്ളോറിഡ: ഫിഫ 2026 ലോകകപ്പിനായി വമ്പന്‍ ടീമുകള്‍ ജയത്തോടെ ഓള് സെറ്റ്... സൗഹൃദ മത്സരങ്ങളില്‍ ബ്രസീല്‍, പോര്‍ച്ചുഗല്‍, ഇംഗ്ലണ്ട്, ജര്‍മനി, ബെര്‍ജിയം എന്നീ വമ്പന്മാര് ജയം സ്വന്തമാക്കി.
എന്‍ഡ്രിക്കിലൂടെ ബ്രസീല്‍
കൗമാരക്കാരന് എന്‍ഡ്രിക്കിന്റെ ഗോളില്‍ ബ്രസീലിനു ജയം. മുഹമ്മദ് സലയുടെ ഈജിപ്തിനുമേൽ ഒന്നിന് എതിരേ രണ്ട് ഗോളിനാണ് ബ്രസീല്‍ ജയം സ്വന്തമാക്കിയത്. ഹാഫ് ടൈം സബ്സ്റ്റിറ്റ്യൂഷനിലൂടെ കളത്തിലെത്തി ഏഴാം മിനിറ്റിലായിരുന്നു എന്‍ഡ്രിക്കിന്റെ ഗോള്‍.
ഒഹിയോയിലെ ക്ലേവ്ലാന്ഡില് നടന്ന മത്സരത്തില്‍ ഏഴാം മിനിറ്റില്‍ കാനറികള്‍ ലീഡ് നേടി. ന്യൂകാസില്‍ യുണൈറ്റഡിന്റെ മധ്യനിരക്കാരനായ ബ്രൂണോ ഗുയിമറാസാണ് ഈജിപ്തിന്റെ വല കുലുക്കിയത്. എന്നാല്‍, മൂന്നു മിനിറ്റിനുള്ളില്‍ ഈജിപ്ത് ഗോള്‍ മടക്കി. മാര്‍ക്കീഞ്ഞോസിന്റെ പിഴവില്‍നിന്നു ലഭിച്ച പന്ത് മുസ്തഫ സീക്കോ വലയിലാക്കുകയായിരുന്നു.
പരിക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മറിന്റെ അഭാവത്തില്‍ ഇറങ്ങിയ ബ്രസീലിന്റെ ആക്രമണങ്ങള്‍ക്കു ലക്ഷ്യമില്ലായിരുന്നു. വിനീഷ്യസ് ജൂണിയറിനും ഇഗോര്‍ തിയാഗോയ്ക്കും ലക്ഷ്യം നേടാന്‍ സാധിച്ചില്ല. തിയാഗോയ്ക്കു പകരം രണ്ടാം പകുതിയില്‍ എന്‍ഡ്രിക് കളത്തില്‍. 52-ാം മിനിറ്റില്‍ റാഫീഞ്ഞയുടെ ക്രോസില്‍ എന്‍ഡ്രിക്കിന്റെ സൂപ്പര്‍ ഫിനിഷ്. 2-1ന്റെ ജയത്തോടെ ബ്രസീല്‍ കളംവിട്ടു.
കെയ്ന്‍ ഗോളില്‍ ഇംഗ്ലണ്ട്
ന്യൂസിലന്‍ഡിന് എതിരായ സൗഹൃദ മത്സരത്തില്‍ ഇംഗ്ലണ്ടിനു ജയം. 45-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ നേടിയ ഗോളില്‍ 1-0ന് ആയിരുന്നു ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയത്. ഇതോടെ ഈ സീസണില്‍ രാജ്യത്തിനും ക്ലബ്ബിനുമായി ഹാരി കെയ്ന്‍ നേടിയ ഗോളുകളുടെ എണ്ണം 67 ആയി.
ജര്‍മനി, ബെല്‍ജിയം
യൂറോപ്യന്‍ കരുത്തരായ ജര്‍മനിയും ബെല്‍ജിയവും സൗഹൃദങ്ങളില്‍ ജയം സ്വന്തമാക്കി. ആതിഥേയരായ അമേരിക്കയെ ഒന്നിന് എതിരേ രണ്ട് ഗോളുകള്‍ക്ക് ജര്‍മനി തോല്‍പ്പിച്ചു. കായ് ഹവേര്‍ട്ട്സ് (2), ലെറോയ് സനെ (57) എന്നിവരായിരുന്നു ജര്‍മനിക്കായി ഗോള്‍ നേടിയത്. ആന്റണി റോബിന്‍സണ്‍ (37) അമേരിക്കയ്ക്കായി ആശ്വാസ ഗോള്‍ നേടി. കെവിന് ഡിബ്രൂയിന് സ്കോര്‍ ചെയ്ത പോരാട്ടത്തില്‍ ബെല്‍ജിയം 5-0ന് ടുണീഷ്യയെ തകര്‍ത്തു.
NRI
ബെർലിൻ: സ്പെയിനിലെ അനധികൃത കുടിയേറ്റക്കാരെ ചേർത്തുപിടിച്ച് ഭരണകൂടം. അഞ്ച് ലക്ഷത്തോളം അനധികൃത കുടിയേറ്റക്കാർക്ക് വർക്ക് പെർമിറ്റും താമസസൗകര്യവും നൽകാൻ പെഡ്രോ സാഞ്ചസ് സർക്കാർ തീരുമാനിച്ചു.
ഇതോടെ വൻതിരക്കാണ് സ്പെയിനിലെ സർക്കാർ ഓഫീസുകളിൽ കുടിയേറ്റക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സ്പെയിനിൽ നിയമപരമായ രേഖകൾ ലഭിച്ചു കഴിഞ്ഞാൽ, ഈ കുടിയേറ്റക്കാരിൽ നല്ലൊരു വിഭാഗം മെച്ചപ്പെട്ട ജോലിക്കും ജീവിതത്തിനുമായി ജർമനിയിലേക്ക് കടന്നുവരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിഗമനം.
ഇത് അനധികൃത കുടിയേറ്റത്തിനു കാരണമാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
NRI
ബെർലിൻ: ജർമനിയിലെ ഭരണകക്ഷികളായ സിഡിയു - സിഎസ്യു (യൂണിയൻ), എസ്പിഡി എന്നിവർക്കിടയിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കാനായി ചാൻസലർ ഫ്രീഡ്രിഷ് മെർസിന്റെ നേതൃത്വത്തിൽ ബെർലിനിൽ അടിയന്തര "കോളിഷൻ സമ്മിറ്റ്' നടക്കുകയാണ്.
എന്നാൽ പ്രധാനപ്പെട്ട പല പരിഷ്കാരങ്ങളിലും പാർട്ടികൾ പരസ്പരം വിട്ടുവീഴ്ച ചെയ്യാതെ നിലയുറപ്പിച്ചിരിക്കുന്നത് സർക്കാരിന്റെ മുന്നോട്ടുള്ള പോക്കിനെ ബാധിക്കുന്നു.
പ്രധാന തർക്കവിഷയങ്ങൾ ഇവയാണ്
1. നികുതി പരിഷ്കരണം: ആര് ആരെ തടയുന്നു? വൈസ് ചാൻസലറും എസ്പിഡി അധ്യക്ഷനും ധനമന്ത്രിയുമായ ലാർസ് ക്ലിംഗ്ബെെൽ, ഉയർന്ന വരുമാനമുള്ളവർക്ക് നികുതി വർധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു.
എന്നാൽ ചാൻസലർ മെർസും സിഎസ്യു തലവൻ മാർക്കൂസ് സോഡറും ഇതിനെ ശക്തമായി എതിർക്കുന്നു. നികുതി വർധിപ്പിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകർക്കുമെന്നാണ് യൂണിയൻ പാർട്ടികളുടെ നിലപാട്.
2. തൊഴിൽ വിപണിയും പെൻഷനും ജോലി സമയത്തിൽ കൂടുതൽ ഇളവുകൾ വേണമെന്ന് (ഫ്ലെക്സിബിൾ വർക്കിംഗ് അവേഴ്സ്) യൂണിയൻ ആവശ്യപ്പെടുമ്പോൾ, തൊഴിലാളി സംഘടനകളെ കൂട്ടുപിടിച്ച് എസ്പിഡി ഇതിനെ എതിർക്കുന്നു.
പെൻഷൻ മേഖലയിൽ സ്വകാര്യ നിക്ഷേപങ്ങൾക്ക് മുൻഗണന നൽകണമെന്ന് മെർസ് ആഗ്രഹിക്കുന്നു. എന്നാൽ ഇത് സാധാരണക്കാരെ ബാധിക്കുമെന്ന് പറഞ്ഞ് സോഷ്യൽ മിനിസ്റ്റർ ബാർബൽ ബാസ് തടസവാദം ഉന്നയിക്കുന്നു.
3. ബജറ്റിലെ കമ്മിയും കടമെടുപ്പും 2027-ലെ ബജറ്റിൽ ഏകദേശം 15 ബില്യൻ യൂറോയുടെ കുറവുണ്ട്. ഇത് നികത്താൻ ചെലവ് ചുരുക്കണമെന്ന് യൂണിയനും കൂടുതൽ കടമെടുക്കാനായി ‘ഡെറ്റ് ബ്രേക്ക്’ (Schuldenbremse) നിയമത്തിൽ മാറ്റം വരുത്തണമെന്ന് എസ്പിഡിയും വാദിക്കുന്നു.
4. പ്രതിരോധവും കാലാവസ്ഥയും നിർബന്ധിത സൈനിക സേവനം: രാജ്യരക്ഷയ്ക്കായി നിർബന്ധിത സൈനിക സേവനം (Wehrpflicht) തിരികെ കൊണ്ടുവരണമെന്ന് യൂണിയൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും എസ്പിഡി ഇതിനോട് യോജിക്കുന്നില്ല.
പരിസ്ഥിതി സൗഹൃദമല്ലാത്ത ഔദ്യോഗിക വാഹനങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിർത്തലാക്കണമെന്ന് പരിസ്ഥിതി മന്ത്രി കാർസ്റ്റൻ സ്നൈഡർ ആവശ്യപ്പെടുമ്പോൾ യൂണിയൻ അവിടെയും തടസം നിൽക്കുന്നു.
ജർമനിയുടെ സാമ്പത്തിക ഭദ്രതയും തൊഴിൽ മേഖലയുമൊക്കെ സംരക്ഷിക്കാനുള്ള വലിയ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടാണ് ഈ യോഗം ചേരുന്നത്. എന്നാൽ "ആര് ആരെ ബ്ലോക്ക് ചെയ്യുന്നു?' എന്ന ചോദ്യത്തിന് മുന്നിൽ ഭരണപക്ഷം ഉത്തരംമുട്ടി നിൽക്കുകയാണ്.
ഈ ചർച്ചകൾ പരാജയപ്പെട്ടാൽ ജർമൻ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായേക്കാം.
International
വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള അമേരിക്കൻ സൈനികരിൽ 5000 പേരെ പിൻവലിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണിത്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക നാണംകെട്ടുവെന്ന് മെർസ് ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മുതൽ 12 മാസത്തിനുള്ളിൽ സൈനികപിന്മാറ്റും പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചത്. ജർമൻ നേതാക്കളുടെ വാചകമടി അനുചിതമായിപ്പോയെന്നും ഇതിന് തക്ക മറുപടി നല്കാൻ പ്രസിഡന്റ് ട്രംപിന് അവകാശമുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അമേരിക്കൻ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതികരിച്ചു.
ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സേനാ സാന്നിധ്യമാണിത്.
ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ സഖ്യകക്ഷികളുമായി ട്രംപിനുള്ള അഭിപ്രായ ഭിന്നതയാണ് സൈനിക പിന്മാറ്റത്തിൽ കലാശിച്ചത്. അമേരിക്കയ്ക്കൊപ്പം യുദ്ധത്തിൽ പങ്കുചേരാനോ, ഹോർമുസ് തുറക്കാൻ സഹായിക്കണമെന്ന ആഹ്വാനം ചെവിക്കൊള്ളാനോ യൂറോപ്യൻ സഖ്യകക്ഷികൾ തയാറായിരുന്നില്ല.
സ്പെയിനിൽനിന്നും ഇറ്റലിയിൽനിന്നും സൈനികരെ പിൻവലിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ സേന സ്പെയിനിന്റെ വ്യോമതാവളങ്ങൾ ഉപയോഗിക്കരുതെന്ന് അവിടുത്തെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നിലപാടെടുത്തിരുന്നു. ലെയോ പതിലാമൻ മാർപ്പയെ വിമർശിച്ചതു ചോദ്യംചെയ്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ട്രംപിന്റെ അനിഷ്ടത്തിനിരയായി.
ജർമനിയോടും യൂറോപ്പിനോടും അഭിപ്രായം തേടാതെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതെന്ന് മെർസ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾ ഇറാനു മുന്നിൽ നാണംകെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
NRI
ബെര്‍ലിന്‍: ജര്‍മനിയിലെ അടിയന്തര ആരോഗ്യ സേവന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്.
നിസാര ആരോഗ്യ പ്രശ്നങ്ങളുമായി എമര്‍ജന്‍സി വിഭാഗങ്ങളെ സമീപിക്കുന്നവരുടെ എണ്ണം കുറയ്ക്കാനും അതുവഴി ഗുരുതരാവസ്ഥയിലുള്ളവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാനുമാണ് ഈ പുതിയ പരിഷ്കാരം.
കേന്ദ്ര ആരോഗ്യ മന്ത്രി നീന വാര്‍ക്കന്‍ അവതരിപ്പിച്ച ഈ ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു.
പരിഷ്കാരത്തിലെ പ്രധാന നിര്‍ദേശങ്ങള്‍
രോഗികളുടെ നിയന്ത്രണം: ഇനിമുതല്‍ ഒരു രോഗിക്ക് ആംബുലന്‍സ് വേണോ അതോ ഡോക്ടറുടെ ക്ലിനിക്കില്‍ പോയാല്‍ മതിയോ എന്ന് തീരുമാനിക്കുന്നത് രോഗിയല്ല, മറിച്ച് കണ്ട്രോള് റൂമുകളിലെ വിദഗ്ധരായിരിക്കും.
പ്രാഥമിക വിലയിരുത്തലിന് ശേഷം മാത്രമേ അടിയന്തര സഹായം ലഭ്യമാക്കൂ.
112, 116,117 നമ്പറുകളുടെ ഏകോപനം: ആംബുലന്‍സ് സേവനത്തിനുള്ള 112, അടിയന്തരമല്ലാത്ത മെഡിക്കല്‍ സഹായത്തിനുള്ള 116, 117 എന്ന നമ്പറും ഇനി ഡിജിറ്റലായി ബന്ധിപ്പിക്കും.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അക്യൂട്ട് കണ്ട്രോള് സെന്ററുകള്‍ ടെലിമെഡിസിന്‍ വഴിയോ വീടുകളില്‍ ഡോക്ടറെ എത്തിച്ചോ സഹായം നല്‍കും.
ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി സെന്ററുകള്‍: ആശുപത്രികളില്‍ പ്രത്യേക എമര്‍ജന്‍സി സെന്ററുകള്‍ സ്ഥാപിക്കും. ഇവിടെയെത്തുന്ന രോഗികളെ പരിശോധിച്ച്, അവര്‍ക്ക് അത്യാഹിത വിഭാഗം വേണോ അതോ സാധാരണ ഒപി മതിയോ എന്ന് ഉടന്‍ തീരുമാനിക്കും.
സാമ്പത്തിക ലാഭവും ലക്ഷ്യവും:
ചെലവ് കുറയ്ക്കല്‍: ഈ പരിഷ്കാരത്തിലൂടെ പ്രതിവര്‍ഷം 12 ലക്ഷം അനാവശ്യ എമര്‍ജന്‍സി കേസുകള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. ഇത് ആകെ കേസുകളുടെ എട്ട് ശതമാനത്തോളം വരും.
സമയ ലാഭം: ആരോഗ്യ പ്രവര്‍ത്തകരുടെ ഏകദേശം 33 ലക്ഷം മണിക്കൂര്‍ ജോലിസമയം ലാഭിക്കാന്‍ ഇതിലൂടെ സാധിക്കും.
ബില്യണ്‍ കണക്കിന് യൂറോയുടെ ലാഭം: അനാവശ്യ ആശുപത്രി വാസങ്ങളും ആംബുലന്‍സ് യാത്രകളും ഒഴിവാക്കുന്നതിലൂടെ 2031 ഓടെ ഒമ്പത് ബില്യണ്‍ യൂറോ (ഏകദേശം 80,000 കോടി രൂപ) ലാഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഗുരുതരമായ പരിക്കേറ്റവര്‍ക്കും ജീവന് അപകടത്തിലായവര്ക്കും മുന്‍ഗണന നല്‍കാനും അനാവശ്യ തിരക്ക് ഒഴിവാക്കി ആരോഗ്യ സംവിധാനത്തെ കൂടുതല്‍ കാര്യക്ഷമമാക്കാനുമാണ് ഈ മാറ്റങ്ങളെന്ന് മന്ത്രി നീന വാര്‍ക്കന്‍ വ്യക്തമാക്കി.
NRI
ബെർലിൻ: ജർമനിയിലെ രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് വൻതോതിലുള്ള സൈബർ ആക്രമണം നടന്നതായി റിപ്പോർട്ടുകൾ. പാർലമെന്റ് അംഗങ്ങളുടെ സിഗ്നൽ മെസേജിംഗ് അക്കൗണ്ടുകളാണ് പ്രധാനമായും ഹാക്ക് ചെയ്യപ്പെട്ടത്.
ഈ ചാരപ്രവൃത്തിക്ക് പിന്നിൽ റഷ്യയാണെന്നാണ് ജർമനിയുടെ പ്രാഥമിക നിഗമനം. സിഗ്നൽ ആപ്പിന്റെ സപ്പോർട്ട് ടീം എന്ന വ്യാജേനയാണ് ഉപയോക്താക്കൾക്ക് സന്ദേശങ്ങൾ ലഭിക്കുന്നത്.
അക്കൗണ്ട് വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ട് നൽകുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ, ഹാക്കർമാർക്ക് ഉപയോക്താവിന്റെ ചാറ്റുകൾ, ഗ്രൂപ്പുകൾ, ഫയലുകൾ എന്നിവയിലേക്ക് പ്രവേശനം ലഭിക്കുന്നു.
ജർമൻ ചാൻസലറിന്റെ പാർട്ടിയായ സിഡിയു നേതാക്കൾ, പാർലമെന്റ് സ്പീക്കർ ജൂലിയ ക്ലോക്ക്നർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവരുടെ അക്കൗണ്ടുകൾ ചോർത്തപ്പെട്ടു. എന്നാൽ ചാൻസലറുടെ ഫോണിൽ നിലവിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല.
റഷ്യൻ ബന്ധവും സുരക്ഷാ ആശങ്കയും ആക്രമണത്തിന്റെ ശൈലി പരിശോധിക്കുമ്പോൾ ഇത് റഷ്യൻ സ്റ്റേറ്റ് ഹാക്കർമാരുടെ പണിയാണെന്ന് ജർമൻ ഇന്റലിജൻസ് വിഭാഗം കരുതുന്നുണ്ടെങ്കിലും മോസ്കോ ഈ ആരോപണങ്ങൾ നിഷേധിച്ചു.
പാർലമെന്റ് അംഗങ്ങൾ തമ്മിലുള്ള രഹസ്യ വിവരങ്ങൾ ചോർന്നിട്ടുണ്ടാകുമോ എന്ന കാര്യത്തിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതൊരു മുന്നറിയിപ്പ് ആണെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും ഇന്റലിജൻസ് കമ്മിറ്റി മേധാവി മാർക്ക് ഹെൻറിച്ച്മാൻ മുന്നറിയിപ്പ് നൽകി.
ആപ്പിന്റെ സുരക്ഷാ പിഴവിനേക്കാൾ ഉപരിയായി, ഉപയോക്താക്കളെ കബളിപ്പിച്ച് ലിങ്കുകളിൽ ക്ലിക്ക് ചെയ്യിപ്പിച്ചാണ് ഇവിടെ ഹാക്കിംഗ് നടന്നത്. ജർമനിയിലെ നിരവധി മലയാളികളും സിഗ്നൽ ഉപയോഗിക്കുന്നുണ്ട് എന്നതിനാൽ ഈ വാർത്ത പ്രവാസികൾക്കിടയിലും ചർച്ചയായിട്ടുണ്ട്.
ഔദ്യോഗികമെന്ന വ്യാജേന വരുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുകയും അക്കൗണ്ടുകൾക്ക് ടു-ഫാക്ടർ ഓതന്റിക്കേഷൻ (2എഫ്എ) ഉറപ്പാക്കുകയും ചെയ്യണമെന്ന് വിദഗ്ധർ അറിയിച്ചു.
International
ബെർലിൻ: ജർമനിയിലെ മോയേഴ്സ് നഗരത്തിലുള്ള ഡൂയിസ്ബർഗ് ഗുരുദ്വാരയിൽ വിശ്വാസികൾക്കിടയിലുണ്ടായ സംഘർഷത്തിൽ പതിനൊന്നുപേർക്കു പരിക്ക്. തിങ്കളാഴ്ച നടന്ന പ്രാർഥനയ്ക്കിടെ രണ്ടു ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കം അക്രമാസക്തമാവുകയായിരുന്നു. സംഭവസ്ഥലത്തു വെടിവയ്പും കുരുമുളക് സ്പ്രേ പ്രയോഗവും നടന്നതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ ചിലർ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രാർഥന ആരംഭിക്കുന്നതിനു തൊട്ടുമുമ്പുണ്ടായ പ്രകോപനമാണു സംഘർഷത്തിൽ കലാശിച്ചത്. ഏകദേശം 40-ഓളം പേർ ഏറ്റുമുട്ടലിൽ പങ്കെടുത്തതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമികൾ മുൻകൂട്ടി തയാറെടുത്താണു എത്തിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. പ്രാർഥന തുടങ്ങുന്നതിനു തൊട്ടുമുമ്പു കുരുമുളക് സ്പ്രേ അടിക്കുകയും പിന്നാലെ വെടിയുതിർക്കുകയുമായിരുന്നു.
വാളുകളും കത്തികളും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് ഇരുവിഭാഗവും ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഗുരുദ്വാരയ്ക്കുള്ളിൽ ഭയചകിതരായ വിശ്വാസികൾ ചിതറിയോടിയതിനാൽ വലിയ ദുരന്തം ഒഴിവായതായും ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുദ്വാരയുടെ ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണു രക്തച്ചൊരിച്ചിലിൽ അവസാനിച്ചതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഗുരുദ്വാരയുടെ ഫണ്ട് വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ടു നിലവിലെ ഭരണസമിതിയും മുൻ അംഗങ്ങളും തമ്മിൽ ദീർഘകാലമായി അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു.
സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു.
NRI
ബെർലിൻ: ജർമനിയിലെ അലക്സാണ്ടർ പ്ലാറ്റ്സിൽ പലസ്തീൻ അനുകൂലികൾ നടത്തിയ പ്രകടനം ജനങ്ങളിൽ ഭീതി പരത്തി. മുദ്രാവാക്യങ്ങൾക്ക് പുറമേ, കൊലപാതക രംഗങ്ങൾ പുനരാവിഷ്കരിച്ചാണ് അനുകൂലികൾ പ്രകടനം നടത്തിയത്.
നാല് പേരുടെ വധശിക്ഷ നടപ്പാക്കാൻ പോകുന്നു എന്നതിന്റെ പുനരാവിഷ്കരണമാണ് ഒന്ന്. പട്ടാള വേഷം ധരിച്ച ഒരാൾ, മറ്റൊരു മനുഷ്യനെ കഴുത്തിൽ ചങ്ങലയിട്ട് നായയെപ്പോലെ തറയിൽ ഇരുത്തിയിരിക്കുന്നു. ഇടയ്ക്കിടെ അയാളുടെ തല ബലമായി താഴ്ത്തി അപമാനിക്കുന്നതും പലസ്തീൻ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ കാണാമായിരുന്നു.
പ്രകടനത്തിനെതിരേ പൊലീസ് പ്രതികരിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. യഥാർഥമായ അക്രമങ്ങൾ അവിടെ നടന്നിട്ടില്ല. തൂക്കിലേറ്റുന്നത് നേരിട്ട് കാണിച്ചിരുന്നെങ്കിൽ ഞങ്ങൾ ഉടൻ ഇടപെടുമായിരുന്നു. വംശഹത്യ നിർത്തുക എന്ന മുദ്രാവാക്യം നിരോധിക്കപ്പെട്ട ഒന്നല്ല എന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.
ജർമൻ ആഭ്യന്തര വകുപ്പ് ഈ സംഭവത്തെ അതിശക്തമായി അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യം ഉണ്ടെങ്കിലും അത് മാനുഷിക മൂല്യങ്ങളെ അവഹേളിക്കുന്ന തരത്തിലാകുന്നത് അംഗീകരിക്കാനാവില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സ്റ്റേറ്റ് സെക്യൂരിറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
NRI
നേവിഗസ്: മധ്യജർമനിയിലെ പ്രശസ്ത മരിയൻ തീർഥാടന കേന്ദ്രമായ നേവിഗസിൽ കൊളോണിലെ സീറോമലബാർ സമൂഹം നടത്തിയ കുരിശിന്റെ വഴി ഭക്തിസാന്ദ്രമായി. ഈ മാസം 27ന് വൈകുന്നേരം അഞ്ചിന് നേവിഗസിലെ മരിയൻ കത്തീഡ്രലിന്റെ താഴ്വരയിലാണ് കുരിശിന്റെ വഴി നടന്നത്.
ജർമനിയിൽ ജോലിക്കും പഠനത്തിനുമായി എത്തിയ നിരവധി യുവജനങ്ങൾ ചടങ്ങുകളിൽ സജീവമായി പങ്കെടുത്തു. തുടർന്ന് മരിയൻ കത്തീഡ്രലിൽ നടന്ന ആഘോഷമായ ദിവ്യബലിയിൽ ഫാ. ടോം കൂട്ടങ്കൽ എംസിബിഎസ് മുഖ്യകാർമ്മികത്വം വഹിച്ചു.
NRI
മെയ്ൻസ്: ജർമനിയിലെ മെയ്ൻസ് രൂപതയുടെ സഹായ മെത്രാനായി നിയമിതനായ ഫാ. ജോഷി ജോർജ് പൊട്ടയ്ക്കൽ മെത്രാഭിഷേക ചടങ്ങുകൾ ഞായറാഴ്ച നടക്കും. മെയ്ൻസ് കത്തീഡ്രലിൽ ഉച്ചകഴിഞ്ഞ് മൂന്നിന് ചടങ്ങുകൾ ആരംഭിക്കും.
മെയ്ൻസ് രൂപതാധ്യക്ഷൻ പീറ്റർ കോൾഗ്രാഫ് മുഖ്യകാർമികത്വം വഹിക്കും. ഫ്രൈബുർഗ് ആർച്ച്ബിഷപ് സ്റ്റെഫാൻ ബുർഗർ, ബ്രസീലിലെ ഇറ്റാറ്റുബയിൽ നിന്നുള്ള ബിഷപ് വിൽമർ സാന്റിൻ എന്നിവർ സഹകാർമികരാക്കും.
രൂപത വികാരി ജനറൽ സെബാസ്റ്റ്യൻ ലാംഗ്, ഫാ. ഫ്രാങ്ക് ബ്ലൂമേഴ്സ് എന്നിവർക്കൊപ്പം പുതിയ മെത്രാൻ വിശുദ്ധ കുർബാന അർപ്പിക്കും. റോമിൽ നിന്നുള്ള സുപ്പീരിയർ ജനറൽ ഫാ. ഡിസിഡേരിയോ ഗാർസിയ ഒ.കാറം, കാനഡയിൽ നിന്നുള്ള ഫാ. ജോയ്സൺ പൊട്ടയ്ക്കൽ (ഫാ. ജോഷിയുടെ സഹോദരൻ) തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
സ്ഥാപനാരോഹണ ചടങ്ങിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കോതമംഗലം ബിഷപ് ജോർജ് മഠത്തിക്കണ്ടവും പങ്കെടുക്കുന്നുണ്ട്. അഭിഷേക ചടങ്ങിന് ശേഷം മെയ്ൻസ് സെമിനാരിയിൽ സ്വീകരണം നൽകും.
മലയാളത്തനിമയും സംഗീതവും വിവിധ സംഗീത സംഘങ്ങൾക്കൊപ്പം മുൾഹൈം-ഒബർഷൗസൻ വികാരിയും മലയാളിയുമായ ഫാ. അജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം ഫാ. ജോഷിയുടെ മാതൃഭാഷയായ മലയാളത്തിൽ ഗാനം അവതരിപ്പിക്കും എന്നത് ചടങ്ങിന്റെ പ്രത്യേകതയാണ്.
"വിശ്വാസത്താൽ നയിക്കപ്പെടുന്നു' (Per fidem ductus) എന്നതാണ് അദ്ദേഹത്തിന്റെ മെത്രാൻ മുദ്രാവാക്യം (സങ്കീർത്തനം 37:5). അദ്ദേഹത്തിന്റെ ഔദ്യോഗിക ചിഹ്നത്തിൽ അൽഫയെയും ഒമേഗയെയും സൂചിപ്പിക്കുന്ന "അ', "ഓ' എന്നീ മലയാളം അക്ഷരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
സാധാരണയായി ലത്തീൻ, ഗ്രീക്ക് ഭാഷകൾ മാത്രം ഉപയോഗിക്കുന്ന സ്ഥാനീയ മുദ്രയിൽ, എല്ലാ ഭാഷകളും വിശുദ്ധമാണെന്ന സന്ദേശം നൽകാനാണ് മലയാളവും ജർമൻ ഭാഷയും അദ്ദേഹം തെരഞ്ഞെടുത്തതെന്നു ഫാ. ജോഷി പറഞ്ഞു.
ഫാ. ജോഷി പൊട്ടയ്ക്കൽ: ജീവിതരേഖ
ജനനം: 1977 ഏപ്രിൽ 30, മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ മീൻകുന്നം. മാതാപിതാക്കൾ: പരേതരായ ജോർജ് പൊട്ടയ്ക്കൽ, റോസമ്മ ജോർജ്.മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട് ഫാ.ജോഷിക്ക്.
പൗരോഹിത്യം: 2003 ഡിസംബർ 28ന് തൃശൂരിൽ വെച്ച് പൗരോഹിത്യം സ്വീകരിച്ചു. കർമ്മലീത്ത സന്യാസ സമൂഹം (ഒ.കാറം, O.Carm, Order of Carmelites) അംഗമാണ് ഫാ. ജോഷി.
ജർമനിയിൽ: 2004ൽ ഉപരിപഠനത്തിനായി ജർമനിയിലെത്തി. തുടർന്ന് മെയ്ൻസ് രൂപതയിൽ യൂത്ത് ചാപ്ലയിൻ, വികാരി, ഡീനറി തലപ്പത്ത് തുടങ്ങി വിവിധ ഉത്തരവാദിത്തങ്ങൾ വഹിച്ചു.
പ്രധാന പദവികൾ: രൂപതാ ചാൻസലർ, എപ്പിസ്കോപ്പൽ വികാരി, കത്തീഡ്രൽ ചാപ്റ്റർ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
വടക്കേ ആഫ്രിക്കയിലെ നുമിഡിയയിലുള്ള സെറാമസ (Seramussa) എന്ന പുരാതന രൂപതയുടെ നാമമാത്ര മെത്രാനായാണ് (Titular Bishop) അദ്ദേഹം അറിയപ്പെടുക.
ഇദ്ദേഹത്തിന്റെ നിയമന പ്രഖ്യാപനം 2025 നവംബർ 26ന് വത്തിക്കാനിലും മെയ്ൻസിലും ഒരേസമയം നടന്നിരുന്നു. എളിമയാർന്ന ജീവിതശൈലിയും ഭരണപാടവുമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്ക് എത്തിച്ചത്.
സീറോമലബാർ സഭയുടെ പ്രതിനിധി: ജർമനിയിലെ സീറോമലബാർ വിശ്വാസികളുടെ കാര്യങ്ങളിലും വൈദികരുടെ ഏകോപനത്തിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
NRI
ബെര്‍ലിന്‍: ജര്‍മനിയിലേയ്ക്ക് തൊഴിലിനായും പഠനത്തിനായും കുടിയേറാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളും വിദ്യാർഥികളും തട്ടിപ്പിനിരയാവുന്ന സാഹചര്യത്തില്‍ ഇതിനെതിരേയുള്ള കൃത്യവും കാലികവുമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോധവത്കരണ സെമിനാര്‍ വെര്‍ച്വല്‍ പ്ലാറ്റ്ഫോമിലൂടെ ശനിയാഴ്ച രാവിലെ 10ന് (ഇന്ത്യന്‍ സമയം) നടക്കും.
തിരുവനന്തപുരത്തെ ജര്‍മന്‍ ഭാഷ പഠിപ്പിക്കുന്ന ഗൊയ്ഥെ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് സെമിനാര്‍ നടത്തുന്നത്. ജര്‍മന്‍ ഫെഡറല്‍ റിപ്പബ്ളിക്കിന്റെ കേരളത്തിലെ ഹോണററി കോണ്‍സുലറും ഗൊയ്ഥെ സെന്റര്‍ ഡയറക്ടറുമായ ഡോ. സെയ്ദ് ഇബ്രാഹിം, ജര്‍മനിയിലെ മാധ്യമപ്രവര്‍ത്തകനും ലോക കേരളസഭാ അംഗവുമായ ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് സെമിനാര്‍ നയിക്കുന്നത്.
ജര്‍മനിയില്‍ ഒരു ജീവിതം ആസൂത്രണം ചെയ്യുമ്പോള്‍ കൃത്യമായ വിവരങ്ങളുടെ പ്രാധാന്യത്തെ അഭിസംബോധന ചെയ്യുകയും രാജ്യത്തെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംക്ഷിപ്തമായി വിവരിക്കുന്ന ചെറിയ ആമുഖത്തോടെയാണ് (ആദ്യത്തെ 15 മിനിറ്റ്) സെമിനാര്‍ ആരംഭിക്കുന്നത്.
തുടര്‍ന്ന് 10:15ന് ജര്‍മനിയിലെ ഇന്ത്യക്കാരുമായുള്ള പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെ ആനുകാലികമായ സാഹചര്യങ്ങളും തൊഴില്‍, പഠനം തുടങ്ങിയ മേഖലകളിലെ തട്ടിപ്പിന്റെ പുതിയ തലങ്ങളെപ്പറ്റിയുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും ജോസ് കുമ്പിളുവേലില്‍ 30 മിനിറ്റ് വിശദീകരിക്കും.
തുടര്‍ന്ന് ചോദ്യോത്തരങ്ങള്‍ക്കായി വേദി തുറക്കും. ഷെരീന് ഷിഹാബ് ചോദ്യോത്തര സെഷനില്‍ സഹായിക്കും.ഏവരേയും വെബിനാറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഗോയ്ഥെ സെന്റര്‍ അറിയിച്ചു.
Link: https://us06web.zoom.us/j/84029898346?pwd=tExIg2xVHgD47aTeyPqrRDGviCfom0.1
Meeting ID: 840 2989 8346 Passcode: 976653, Date: 28.02.2026 Time: 10:00 am.
CAREER DEEPIKA
ജർമനിയിൽ രജിസ്റ്റേർഡ് നഴ്സസ് ആയി പ്രാക്ടീസ് ചെയ്യാനുള്ള വൊക്കേഷണൽ നഴ്സിംഗ് പരിശീലനത്തിന് പ്ലസ് ടു കഴിഞ്ഞവർക്ക് അവസരം.
നോർക്ക റൂട്സ് ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ മൂന്നാമത്തെ ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സ്റ്റൈപൻഡ് ലഭിക്കും.
ജർമനിയിലെ കെയർ ഹോമുകളിലും ആശുപത്രികളിലുമുള്ള 20 ഒഴിവിലാണ് നിയമനം. മാർച്ച് 1ന് 18നും 27 നും ഇടയിൽ പ്രായമുളള വിദ്യാർഥികൾക്കാണ് അവസരം.
യോഗ്യത: ബയോളജി ഉൾപ്പെടുന്ന സയൻസ് സ്ട്രീമിൽ, പ്ലസ് ടുവിന് 60% മാർക്ക് വേണം. ജർമൻ ഭാഷയിൽ B1, B2 ലെവൽ പാസാകണം. (ഗോയ്ഥേ, ടെൽക്, OSD, TestDafഎന്നിവിടങ്ങളിൽനിന്ന്).
അപേക്ഷ: മാർച്ച് ഏഴിനകം വെബ് സൈറ്റുകൾ (www.norkaroots.kerala. gov.in, www.nifl.norkaroots.org) വഴി അപേക്ഷിക്കണം. അഭിമുഖം മാർച്ച് അവസാന ആഴ്ചയിൽ.
പരിശീലനം: ജർമൻ ഭാഷാ പരിശീലനം (ബി 2ലെവൽ വരെ) ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2770577, 2770536, 2770566, 1800 425 3939 (ഇന്ത്യയിൽ) +91-8802012345 (2) (വിദേശത്തുനിന്നു മിസ്ഡ് കോൾ സർവീസ്).
NRI
കാള്‍സ്റൂഹെ: ചങ്ങനാശേരി പുളിമൂട്ടില്‍ പരേതരായ ചാക്കോ - എലിസബെത്ത് ദമ്പതികളുടെ മകന് തങ്കച്ചന് പുളിമൂട്ടില്‍ (ജോണ്‍, 74) ജര്‍മനിയിലെ കാള്‍സ്റൂഹെയില്‍ അന്തരിച്ചു. സംസ്കാരം പിന്നീട് ജര്‍മനിയില്‍.
ഭാര്യ ഫിലോമിന ഇത്തിത്താനം മണിയംകേരിക്കളം കുടുംബാംഗം. മക്കള്‍: ടോം, ടിം, ടോബിയാസ്. മരുമക്കള്‍; സുമിത, പട്രീഷ്യ, സിബല്‍.
പരേതന്റെ ആത്മശാന്തിയ്ക്കായുള്ള വി.കുര്‍ബാന 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് Hauptfriedhof Karlsruhe(Haid und Neue Strasse, 76131 Karlsruhe) കപ്പേളയില്‍ നടക്കും.
സ്റ്റുട്ട്ഗാര്‍ട്ടിലെ രജിസ്റ്റേര്‍ഡ് സംഘടനയായ മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്വ്യുര്ട്ടംബര്ഗിന്റെ സെക്രട്ടറിയായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിരുന്ന തങ്കച്ചന്, സാമൂഹ്യ സാംസ്ക്കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു.
53 വര്‍ഷങ്ങള്‍ക്കു മുമ്പാണ് തങ്കച്ചന് ജര്‍മനിയിലേക്ക് കുടിയേറിയത്. ചങ്ങനാശേരിയിലെ പ്രശസ്ത ബിസിനസ് സ്ഥാപനമായ പുളിമൂട്ടില്‍ ഫര്‍ണിച്ചറിന്റെ ഉടമയാണ്.
തങ്കച്ചന്റെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം ആത്മാവിന് നിത്യശാന്തിയും നേരുന്നതായി മലയാളി ഡോയിഷെ ട്രെഫന്‍ ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് അറിയിച്ചു.
NRI
ചങ്ങനാശേരി: ജര്‍മന്‍ മലയാളി ചങ്ങനാശേരി നാലുകോടി സ്വദേശി ജോസഫ് തോപ്പില്‍ (ജോയ് - 80) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നാലുകോടി സെന്റ് തോമസ് ദേവാലയ സെമിത്തേരിയില്‍.
മൃതദേഹം രാവിലെ ഒമ്പതിന് സ്വഭവനത്തില്‍ കൊണ്ടുവരും. ഭാര്യ പരേതയായ ഏലിയാമ്മ. മക്കള്‍: ജൂലി, ലെജിന്‍.
ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സര്‍വീസില്‍ ആയിരുന്നപ്പോള്‍ സ്പോര്‍ട്സിനൊപ്പം ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിരവധി തവണ വിജയം നേടിയിട്ടുണ്ട്.
സര്‍വീസില്‍ നിന്നും വിരമിച്ചശേഷം കുടുംബമായി ജര്‍മനിയിലെ ഹൈഡല്‍ബെര്‍ഗില്‍ ആയിരുന്നു താമസം.
മലയാളി സമാജം ഹൈഡല്ബര്ഗിന്റെ സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
NRI
അഹമ്മദാബാദ്: നഴ്സുമാരുൾപ്പെടെ കൂടുതൽ ഇന്ത്യൻ ആരോഗ്യപ്രവർത്തകരെ ജർമനിയിലേക്കു റിക്രൂട്ട് ചെയ്യുന്നതിനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു.
ജർമൻ ചാൻസലർ ഫ്രീഡ്രിച്ച് മെർസിന്റെ അഹമ്മദാബാദ് സന്ദർശനവേളയിലായിരുന്നു കരാറിൽ ഒപ്പിട്ടത്. ഇതുപ്രകാരം ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതിന് പൊതുവായ മാനദണ്ഡങ്ങൾ ഇരുരാജ്യങ്ങളും കൊണ്ടുവരും.
ഇന്ത്യൻ നഴ്സുമാരെയും കെയർ ഗിവർമാരെയും റിക്രൂട്ട് ചെയ്യുന്ന പ്രക്രിയ ഇതോടെ എളുപ്പമാകുമെന്ന് ജർമൻ ആരോഗ്യമന്ത്രി നീന വാർകെൻ പറഞ്ഞു. അതേസമയം, ദീർഘകാല പരിചരണത്തിൽ ഇന്ത്യക്ക് ജർമനിയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ഇന്ത്യയിലെ പരിശീലനപരിപാടിയിൽ ജർമൻ ഭാഷയും ജർമനിയിൽ ജോലി ചെയ്യാനും ജീവിക്കാനും ആവശ്യമായ കോഴ്സുകളും ഉൾപ്പെടുത്തും. ട്രെയിനികൾക്ക് ഇത്തരം കോഴ്സുകൾ സൗജന്യമായിരിക്കും.
എന്നാൽ ബി2 ലെവൽ വരെ ജർമൻ ഭാഷാവൈദഗ്ധ്യം നേടേണ്ടതുണ്ട്. ജർമനിയും ഇന്ത്യയും പ്രതിരോധം, ഊർജം, വ്യാപാരം എന്നീ മേഖലകളിലും കരാറിൽ ഒപ്പിട്ടു.
ഊർജമേഖലയിൽ ഇരു രാജ്യങ്ങളും സഹകരിച്ചുപ്രവർത്തിക്കും. ജർമൻ ഊർജ കന്പനിയായ യൂണിപ്പെറും ഇന്ത്യൻ കന്പനിയായ എഎം ഗ്രീൻ അമോണിയയും സുപ്രധാനമായ ധാരണയിലെത്തിയിട്ടുണ്ട്.
വർഷം 500,000 ടൺ ഗ്രീൻ അമോണിയ യൂണിപ്പെർ വാങ്ങും. 90 ശതമാനം കാർബൺ ന്യൂട്രലായ ഗ്രീൻ അമോണിയ സുസ്ഥിര ഊർജ വ്യവസ്ഥിതിയിലേക്കുള്ള മാറ്റത്തിൽ നിർണായകമാണ്.
കൂടാതെ, രാസവളം, കണ്ടെയ്നർ കപ്പലുകളിലെ ഇന്ധനം, ഹൈഡ്രജൻ നീക്കം തുടങ്ങിയവയ്ക്കെല്ലാം അനിവാര്യമായ അസംസ്കൃതവസ്തുവാണ് ഗ്രീൻ അമോണിയ അടങ്ങിയ രാസസംയുക്തം.
ഇരുരാജ്യങ്ങളും തമ്മിലുള്ള സാന്പത്തിക സഹകരണം വിപുലമാക്കും. കൂടാതെ, അപൂർവ ധാതുക്കളുടെ കൈമാറ്റം, നിർമിത ബുദ്ധി, പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റം എന്നീ മേഖലകളിലും കരാറുകളിൽ ഒപ്പിട്ടു.
ജർമനിയിലെ പ്രമുഖ കപ്പൽ നിർമാണ കമ്പനിയായ തൈസെൻക്രുപ് മറൈൻ സിസ്റ്റംസ് (ടികെഎംഎസ്) ഇന്ത്യക്കുവേണ്ടി ആറ് അന്തർവാഹിനികൾ നിർമിക്കാനും ധാരണയായി.
ഇതുസംബന്ധിച്ച കരാർ മാർച്ചിൽ അന്തിമമാക്കും. ജർമനിയിലെ തപാൽസേവന കമ്പനിയായ ഡോയ്ഷെ പോസ്റ്റ് ഇന്ത്യൻ പോസ്റ്റൽ സർവീസുമായി കൂടുതൽ സഹകരിച്ചുപ്രവർത്തിക്കും.
ഇരുരാജ്യങ്ങളും തമ്മിൽ സ്വതന്ത്ര വ്യാപാരകരാർ ഈമാസം അവസാനത്തോടെ ഒപ്പിടാനും തീരുമാനിച്ചു. ജർമനിക്ക് കൂടുതൽ ഇന്ത്യൻ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്ന് മെർസ് പറഞ്ഞു.
NRI
കൊളോൺ: ജർമനിയിലെ കൊളോണിനടുത്ത് ഫ്രെഷനിൽ താമസിക്കുന്ന കിടങ്ങൂർ സ്വദേശി കുറിയാക്കോസ് ജോയിയുടെ ഭാര്യ ബ്രിജീത്താമ്മ വെട്ടിക്കൽ (71) അന്തരിച്ചു.
സംസ്കാര ശുശ്രൂഷകൾ ജനുവരി വെള്ളിയാഴ്ച രാവിലെ 8.45ന് ഫ്രെഷനിലെ സെന്റ് ഔഡോമാർ ദേവാലയിൽ (St.Audomar Kirche, Kölner Strasse 3, 50226 Frechen) ദിവൃബലിയോടുകൂടി ആരംഭിച്ച് സെന്റ് ഔഡോമാർ സെമിത്തേരിയിൽ സംസ്കരിക്കും.
തോട്ടയ്ക്കാട് കയ്യാലപ്പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജയ്സി, ജന്നി. മരുമകൻ: ബഞ്ചമിൻ. കൊച്ചുമക്കൾ: നോവാ, ജോഷ്വ.
1974ൽ ജർമനിയിൽ എത്തിയ ബ്രിജീത്താമ്മ ഫ്രെഷൻ സെന്റ് കാതറിനൻ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്തതിനു ശേഷം വിശ്രമ ജീവിതത്തിലായിരുന്നു.
NRI
തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേക്ക് ഓട്ടോമോബൈല്‍ ടെക്നീഷ്യന്മാരെ റിക്രൂട് ചെയ്യുന്നതിന് പ്രമുഖ ജര്‍മന്‍ സ്വകാര്യ കമ്പനിയായ ടിയുവി റൈന്‍ ലാന്‍ഡുമായി നോര്‍ക്ക റൂട്ട്സ് കരാര്‍ ഒപ്പിട്ടു.
നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശേരിയും ടിയുവി റൈന്‍ ലാന്‍ഡ് കമ്പനിയുടെ ബംഗളൂരു ഇന്ത്യന്‍ ഓഫീസിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അജയ് മേനോനും തമ്മില്‍ കരാര്‍ കൈമാറി.
NRI
ബോണ്‍: മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് ജര്‍മന്‍ മേഖല യുവജന സംഗമം "അമിഗോസ് 2025' ശനിയാഴ്ച ബോണ്‍ ഹോളി സ്പിരിറ്റ് ദൈവാലയ ഹാളില്‍ നടത്തി.
എംസിവൈഎം ഭരണസമിതി അംഗങ്ങള്‍ നേതൃത്വം നല്കിയ സംഗമത്തില്‍ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഡയറക്ടര്‍ റവ.ഡോ. ജോസഫ് ചേലംപറമ്പത്ത് പതാക ഉയര്‍ത്തി, എംസിവൈഎം ഗാനം ആലപിച്ചും പ്രതിജ്ഞ ചൊല്ലിയും സംഗമത്തിന് ആരംഭം കുറിച്ചു.
ഡയറക്ടര്‍ ഫാ.ഡോ. ജോസഫ് ചേലംപറമ്പത്ത് സ്വാഗതം ആശംസിച്ചു. ക്രിസ്തുവിന്റെ സ്നേഹത്താല്‍ ഒന്നിച്ചുകൂടി, യുവജനങ്ങള്‍ തങ്ങളുടെ പ്രതിഭകളും സമര്‍പ്പണവും പ്രാര്‍ഥനയും ചേര്‍ത്തുള്ള ഒരു വിശേഷദിനമാണന്നും പ്രത്യേകിച്ച് ഉണ്ണിയേശുവിന്റെ പിറവിത്തിരുനാളിന്റെ ആഗമനകാലത്തിലേയ്ക്കു കടക്കുമ്പോള്‍ ഒരുവലിയ പ്രതീക്ഷയുടെ സംഗമാണന്നും ഫാ. ജോസഫ് പറഞ്ഞു.
NRI
കോഴിക്കോട്: ഹൃദയാഘാതം മൂലം ജര്‍മനിയില്‍ അന്തരിച്ച കോഴിക്കോട് മരഞ്ചാട്ടി സ്വദേശി രാഗേഷ് ഇളങ്ങമ്പലത്തിന്റെ സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് സ്വദേശത്ത് നടന്നു.
ഇളങ്ങമ്പലത്ത് ശിവദാസന്റയും രാജമ്മയുടെയും മകനാണ്. ഭാര്യ: പെരുന്തല്‍മണ്ണ തെക്കേപ്പറമ്പില്‍ രഞ്ജിനി. മകള്‍ ഹൃതിക രാഗേഷ്. സഹോദരങ്ങൾ: രഞ്ജിത്ത്, രജനി.
മൃതദേഹം ജര്‍മന്‍ പോലീസിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തില്‍ വെള്ളിയാഴ്ച രാത്രി 8.30ന് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും ഡ്യൂഡല്‍ഹി വഴി ഞായറാഴ്ച രാവിലെ 9.15ന് കൊച്ചിയില്‍ എത്തിച്ചു.
തുടര്‍ന്ന് മൃതദേഹം രാഗേഷിന്റെ കുടുംബം ഏറ്റുവാങ്ങി നോര്‍ക്കയുടെ ആംബുലന്‍സ് സഹായത്തോടെ സ്വദേശമായ കോഴിക്കോട്ട് കൊണ്ടുവന്ന് അന്തിമോപചാര അര്‍പ്പണത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിച്ചു.
കേന്ദ്രമന്ത്രിമാരായ ജോര്‍ജ് കുര്യന്, സുരേഷ് ഗോപി, എംപിമാരായ എം.കെ. രാഘവന്, പ്രിയങ്ക ഗാന്ധി, ജോര്‍ജ് കുഞ്ഞുമോന് (ഹംഗറി) എന്നിവർക്ക് പുറമെ ജര്‍മനിയില്‍ നിന്നുള്ള ലോക കേരളസഭാംഗം ജോസ് കുമ്പിളുവേലിന്റെ നിരന്തരമായ ഇടപെടലുകളാണ് രാഗേഷിന്റെ മൃതദേഹം നാട്ടിലെത്തിയ്ക്കാന്‍ സഹായകമായത്.
ഹംഗറിയില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുന്നതിനിടെ ജോലി സംബന്ധമായി ജര്‍മനിയിലെത്തിയ രാഗേഷ് ഇളങ്ങമ്പലത്ത് എന്ന 41 വയസുകാരനെ ബാഡന്‍വ്യുര്‍ട്ടെംബര്‍ഗ് സംസ്ഥാനത്തിലെ എങ്ങനില് ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെുത്തുകയായിരുന്നു.
ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും കഴിയാതിരുന്നതിനെ തുടര്‍ന്ന് ജര്‍മന്‍ പോലീസിന്റെ അന്വേഷണത്തില്‍ ട്രക്കിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള പോസ്റ്റ്മോര്‍ട്ടത്തില്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസും പബ്ലിക് പ്രൊസിക്യൂട്ടറും സ്ഥിരീകരിച്ചു.
ഡിസംബര്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ദീര്‍ഘകാലം കോഴിക്കോട് മുക്കം റൂട്ടിലെ ബസ് ഡ്രൈവർ ആയിരുന്ന രാഗേഷ് കഴിഞ്ഞ നാലു വര്‍ഷമായി ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ട്രക്ക് കമ്പനിയില്‍ ഡ്രൈവറായിരുന്നു.
NRI
ബെര്‍ലിന്‍: ബോണ്‍ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്ര വിദ്യാർഥിയായ ലിന ഹൈഡറിന്റെ പ്രായം കേൾക്കുമ്പോൾ ആരുമൊന്ന് ഞെട്ടും. വെറും 12-ാം വയസ് മാത്രം. തന്റെ ഇരട്ടി പ്രായമുള്ള സഹപാഠികൾക്കൊപ്പമാണ് ഈ കൊച്ചുമിടുക്കി പഠിക്കുന്നത്.
ജർമനിയിലെ ഏറ്റവും പ്രായം കുറഞ്ഞ ഹൈസ്കൂൾ ബിരുദധാരി എന്ന നേട്ടം ലിന 11-ാം വയസിൽ കെെവരിച്ചിരുന്നു. ഉയർന്ന ഐക്യു ഉള്ള ലിനയുടെ സ്കൂൾ ജീവിതം ഒന്നാം ക്ലാസിൽ നിന്ന് നേരിട്ട് അഞ്ചാം ക്ലാസിലേക്കായിരുന്നു.
തുടർന്ന് എട്ട്, പത്ത്, 11, 12 ക്ലാസുകളിലേക്ക് പ്രവേശനം ലഭിച്ചു. ജർമൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ കഴിവ് പ്രകടിപ്പിക്കുന്ന വിദ്യാർഥികളെ ഉയർന്ന ക്ലാസുകളിലേക്ക് നേരിട്ട് പ്രവേശനം നൽകാറുണ്ട്.
ഈ സമയം താൻ ആസ്വദിക്കുകയാണെന്നും സ്കൂൾ പഠനത്തിനേക്കാള്‍ രസകരമാണ് യൂണിവേഴ്സിറ്റിയിലെ പഠനമെന്ന് ലിന പറയുന്നു.
NRI
ബെര്‍ലിന്‍: കേരള സര്‍ക്കാരിന്റെ ജര്‍മനിയിലേയ്ക്കുള്ള നഴ്സിംഗ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിള്‍വിന്‍ പദ്ധതിയുടെ ഭാഗമായി ജോലി, തൊഴില്‍ പഠനം തുടങ്ങിയ കാര്യങ്ങള്‍ക്കായി ജര്‍മനിയിലെ വിവിധ സ്ഥാപനങ്ങളുമായി ചര്‍ച്ച നടത്താന്‍ നോര്‍ക്ക സിഇഒ അജിത് കോളശേരി, ലോക കേരളസഭ ഡയറക്ടര്‍ ആസിഫ് കെ യൂസഫ് ഐഎഎസ് എന്നിവര്‍ ബെര്‍ലിനിലെത്തി.
ചൊവ്വാഴ്ച വൈകുന്നേരം സംസ്കാര ജര്‍മനി സംഘടനയുടെ നേതൃത്വത്തില്‍ മലയാളികളുമായി ഇരുവരും കൂടിക്കാഴ്ച നടത്തി. നോര്‍ക്കയുടെ ട്രിപ്പിള്‍വിന്‍ പദ്ധതിയിലൂടെ ആയിരിത്തിലധികം നഴ്സുമാര്‍ ജര്‍മനിയിലെ 13 സംസ്ഥാനങ്ങളിൽ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്നുണ്ടന്ന് അജിത് കോളശേരി പറഞ്ഞു.
International
ബർലിൻ: ജർമ്മനിയിലെ തുരിംഗിയ സംസ്ഥാനത്തെ മാര്‍ക്കറ്റിലുണ്ടായ കത്തിയാക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. ശനിയാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
മൊറോക്കോ സ്വദേശിയായ 29 വയസുകാരനാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി പോലീസിനു നേരെ തിരിഞ്ഞു. തുടർന്ന് പോലീസ് കുരുമുളക് സ്പ്രേ ഉപയോഗിച്ച് പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു.
NRI
പാലക്കാട്: ഫ്രാങ്ക്ഫര്‍ട്ടിലെ മലയാളി സമൂഹത്തില്‍ സജീവ സാന്നിധ്യമായിരുന്ന ജോസ് അലക്സാണ്ടര്‍ ആല്ബത്ത് (75) അന്തരിച്ചു. അവധി ആഘോഷിക്കാന്‍ സ്വദേശമായ പാലക്കാട്ട് എത്തിയതിനിടയിലാണ് വിയോഗം.
തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് പാലക്കാട് രാജീവ് ഗാന്ധി കോഓപ്പറേറ്റീവ് ഹോസ്പിറ്റലില്‍ ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച രാവിലെ അന്ത്യം സംഭവിച്ചത്.
സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പാലക്കാട് സെന്റ് റഫായേല്‍ കത്തീഡ്രല്‍ പള്ളിയില്‍ നടത്തി. ഭാര്യ ഷീല(നഴ്സ്) അങ്കമാലി മൂക്കന്നൂര്‍ പുതുശേരി കുടുംബാംഗം. മക്കള്‍: ഡയാന, എലിസബത്ത്. മരുമക്കള്‍: ജെറി കക്കാട്ട്, പ്രിന്‍സ് പടയാട്ടില്‍ (എല്ലാവരും ഫ്രാങ്ക്ഫര്‍ട്ടില്‍). നാലു കൊച്ചു മക്കളുണ്ട്.
ജര്‍മനിയിലുള്ള ജോസ് പുതുശേരി (ബ്രൂള്‍, കൊളോണ്‍), മേഴ്സി തടത്തില്‍ (ഷെല്മ്), ലീലാമ്മ കോയിക്കര (ഡ്യൂസല്‍ഡോര്‍ഫ്) എന്നിവര്‍ പരേതന്റെ ഭാര്യയുടെ സഹോദരങ്ങളാണ്.
പാലക്കാട് ആല്ബത്ത് ഹൗസില്‍ പരേതരായ അലക്സാണ്ടറുടെയും എലിസബത്തിന്റെയും മകനാണ്.
NRI
ബെർലിൻ: ഏപ്രിൽ 27 മുതൽ 28 വരെ ജർമനിയിൽ നടക്കുന്ന ഹ്യൂമൻ ജെനറ്റിക്സ് യൂറോപ്യൻ കോൺഗ്രസ് എട്ട് അംഗ ശാസ്ത്ര സമിതിയിൽ മലയാളി ശാസ്ത്രജ്ഞനായ ഡോ . സൈനുദീൻ പട്ടാഴിയെ ഉൾപ്പെടുത്തി.
ഗ്ലോബൽ മീറ്റ് ആൻഡ് എക്സ്പോ റിന്യൂവബിൾ ആൻഡ് സസ്ടൈൻഡ് എനർജി സംഗമത്തിലും ഡോ. പട്ടാഴി മുഖ്യ പ്രഭാഷകനായി പങ്കെടുക്കും. നിരവധി ദേശീയ, അന്തർ ദേശീയ ശാസ്ത്ര സമിതികളിൽ ഉപദേശക ബോർഡിൽ അംഗമാണ് ഡോ. പട്ടാഴി.
എട്ട് പേറ്റന്റ് സ്വന്തമാക്കിയ ഡോ. പട്ടാഴി 20 പുസ്തകങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്.
NRI
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ച ആലപ്പുഴ തത്തംപള്ളി കുഴുവേലിക്കത്തുചിറയിൽ ജോബി കുര്യന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ വെള്ളിയാഴ്ചയോടെ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി.
മൃതദേഹം ഫ്രാങ്ക്ഫർട്ടിൽ നിന്നും ശനിയാഴ്ച രാത്രി 8.30ന് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹി വഴി ഞായറാഴ്ച രാത്രി നെടുമ്പാശേരിയിൽ എത്തിച്ചു. തുടർന്ന് വീട്ടുകാർ ഏറ്റുവാങ്ങി തത്തംപള്ളിയിലെ സ്വഭവനത്തിൻ കൊണ്ടുവന്നു. ഭാര്യയും മകളും നാട്ടിലെത്തിയിട്ടുണ്ട്.
സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തത്തംപള്ളി സെന്റ് മൈക്കിൾ ദേവാലയത്തിൽ നടക്കും. മൂന്നു മാസം മുമ്പാണ് ജോബി, മകൾ ജോവാനയ്കൊപ്പം ജർമനിയിൽ എത്തിയത്. ഫ്രാങ്ക്ഫർട്ടിന് സമീപം ലാംഗനിനാണ് കുടുംബമായി താമസിച്ചിരുന്നത്. നഴ്സായ ഭാര്യ നിവിയ ചമ്പക്കുളം കാരിക്കാട് കുടുംബാംഗമാണ്.
കഴിഞ്ഞ ശനിയാഴ്ച വീട്ടിലെ ശുചിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ജോബിയെ ഫ്രാങ്ക്ഫർട്ട് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ എത്തിച്ച് പരിചരണം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഡോക്ടർമാർ കിണഞ്ഞു ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ആഗ്രഹപ്രകാരം ജോബിയുടെ അവയവങ്ങൾ ദാനം ചെയ്തു.
കുഴിവേലിക്കകത്ത് ചിറയിൽ പരേതനായ എം.ജെ. കുര്യൻ (ജോയിച്ചൻ) - ത്രേസ്യാമ്മ (കണ്ണോട്ടുതറ) ദമ്പതികളുടെ മകനാണ് ജോബി. ജോതി (ആലപ്പുഴ), ജോയിസ് (ഓസ്ട്രേലിയ) എന്നിവരാണ് സഹോദരങ്ങൾ.
District News
തിരുവനന്തപുരം: മലയാളികളും യുവ സംഗീത പ്രതിഭകളുമായ സഹോദരിമാർക്ക് ജർമനിയിലെ "ദി പ്ലേഫോർഡ്സ്' മ്യൂസിക്കൽ ബാൻഡ് സംഘടിപ്പിക്കുന്ന പ്രശസ്തമായ പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ അപൂർവ അവസരം.
കുലശേഖരം സ്വദേശികളായ അരുണിത മോഹനും ആന്യ മോഹനുമാണ് നവംബർ ഏഴു മുതൽ ഒന്‍പതു വരെ നടക്കുന്ന പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. ജർമൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രമാണ് ഇതിലേക്കു വഴിതുറന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ കേൾവിക്കാരായുള്ള ആദ്യകാല യൂറോപ്യൻ സംഗീതമേളകളിൽ ഒന്നാണ് പ്ലേഗ്രൗണ്ട് മ്യൂസിക് ഫെസ്റ്റിവൽ.
ശ്രീ സ്വാതി തിരുനാൾ ഗവണ്മെന്റ് സംഗീത കോളജിൽ പഠിച്ച അരുണിത പ്രഫഷണൽ വൈണികയാണ്. ഇന്ത്യൻ ക്ലാസിക്കൽ, പാശ്ചാത്യ സംഗീതം എന്നിവ വയലിനിൽ വായിക്കുന്നതിൽ മികവ് പുലർത്തുന്ന ആന്യ പ്രഫഷണൽ വയലിനിസ്റ്റ്, പിയാനിസ്റ്റ്, സംഗീതസംവിധായക തുടങ്ങിയ നിലകളിൽ പേരുകേട്ടയാളാണ്.
ജർമ്മൻ സാഹിത്യ ഇതിഹാസം ജോഹാൻ വുൾഫ് ഗാങ് വോണ്‍ ഗൊയ്ഥെയുടെ ജൻമനാടായ വെയ്മറിൽ നിന്നുള്ള ബാൻഡായ "ദി പ്ലേഫോർഡ്സി' നൊപ്പമാണ് സഹോദരിമാർ സംഗീതപരിപാടി അവതരിപ്പിക്കുക. "അപ്പോണ്‍ എ ഗ്രൗണ്ട് ’ എന്ന തീമിനെ അടിസ്ഥാനമാക്കിയാണ് പരിപാടി.
17 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ജർമൻ ഗാനങ്ങളുടെയും നൃത്തത്തിന്റെയും അവതരണത്തിൽ പേരുകേട്ട നിരവധി അന്താരാഷ്ട്ര സംഗീതജ്ഞർ "ദി പ്ലേഫോർഡ്സ്’ ബാൻഡിനൊപ്പം പ്രവർത്തിച്ചിരുന്നു. ഫെബ്രുവരി 27ന് കൊച്ചിയിൽ നടന്ന ദി പ്ലേഫോർഡ്സിന്റെ സംഗീത പരിപാടിയിലെ ഇന്തോ ജർമൻ ഫ്യൂഷൻ അവതരണത്തിന് പ്രേക്ഷകശ്രദ്ധയും പ്രശംസയും പിടിച്ചു പറ്റാനായത് ശ്രദ്ധേയം. കലാകാരികളുടെ യാത്രാച്ചെലവ്, താമസം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ചെലവുകളും ദി പ്ലേഫോർഡ്സും പ്ലേഗ്രൗണ്ടും വഹിക്കും.